തിരുവനന്തപുരം: ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുയും സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷൻ.
പാലക്കാട് സ്വദേശിയാണ് യൂട്യൂബ് ചാനലിനെതിരേ കമ്മിഷനെ സമീപിച്ചത്. മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ കുട്ടിയോട് ചോദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാനൽ ഉടമയ്ക്ക് നാളെ നോട്ടീസ് നൽകും. അവതാരകയ്ക്കും ചാനലിനുമെതിരെയാണ് കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പോക്സോ വകുപ്പിന്റെ പരിധിയിൽപെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിച്ചതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനങ്ങളുയർന്നിരുന്നു.