വടകര: പൂര്‍വ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ കോളജ് അധ്യാപകനെതിരെ കേസ്. മടപ്പള്ളി കോളജ് അധ്യാപകനായിരുന്ന ഡോ. പി.എസ്.ജിനീഷിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
നിലവില്‍ എറണാകുളം മഹാരാജാസ് കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് പ്രതി. ഇയാൾ മടപ്പള്ളി കോളജില്‍ പഠിപ്പിച്ചിരുന്ന കാലത്താണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ യുവതി ആദ്യം അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മടപ്പള്ളി കോളജില്‍ പഠിച്ച കാലത്ത് ലൈംഗികാതിക്രമങ്ങള്‍ നേരിട്ടുവെന്നായിരുന്നു യുവതി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് യുവതി ചോമ്പാല പോലീസിനെ സമീപിച്ചത്. ജിനീഷിനെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.