കൊണ്ടോട്ടി: വിമാനത്താവളം കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കെത്തിച്ച മൂന്നുകിലോ കഞ്ചാവുമായി രണ്ട് അതിഥിത്തൊഴിലാളികൾ പിടിയിലായ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കോഴിക്കോട് പെരുവയൽ കായലം കണ്ണാച്ചോത്തുവീട്ടിൽ അഫ്‌ലാഹ് (29) ആണ് പിടിയിലായത്.
ഒഡിഷ നഗർബാനാപുർ സ്വദേശികളായ അജിത്ത് ജാനി (30), ബിഗ്‌നേഷ് ഹയാൽ (32) എന്നിവരെ രണ്ടുമാസം മുൻപ് കൊളത്തൂർ ജങ്ഷനിൽനിന്ന് ഡാൻസാഫ് സംഘം പിടികൂടിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
പാലക്കാട് കഞ്ചിക്കോട്ടുനിന്നാണ് അഫ്‌ലാഹിനെ പിടികൂടിയത്. 2019-ൽ രണ്ടുകിലോ കഞ്ചാവുമായി മാവൂർ പോലീസ് ഇയാളെ പിടികൂടിയിരുന്നു.ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും ലഹരിവിൽപ്പനയിൽ സജീവമാകുകയായിരുന്നു.ഡിവൈഎസ്‌പി സന്തോഷ്, ഇൻസ്‌പെക്ടർ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പോലീസും ചേർന്നാണ് പിടികൂടിയത്.