കൊച്ചി: എളമക്കരയിൽ ഒന്നരമാസം പ്രായമായ കുഞ്ഞിനെ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ അമ്മയുടെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയതയാണെന്നും ഇയാൾ കുറ്റം സമ്മതിച്ചെന്നുമാണ് വിവരം. കാൽമുട്ടുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയായ അശ്വതിക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തില്‍ അശ്വതിയും സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഷാനിഫും പോലീസ് കസ്റ്റഡിയിലാണ്. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കുഞ്ഞിന്റെ വാരിയെല്ലിന് പരുക്കുപറ്റിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിനെ കൊലപ്പെടുത്താൻ മുൻപും ഇയാൾ ശ്രമിച്ചിട്ടുണ്ടെന്നും കുഞ്ഞിനെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അത് തടയാൻ അമ്മ ശ്രമിച്ചില്ലെന്നും പോലീസ് പറയുന്നു. മാത്രമല്ല കൊലപാതകം മറച്ചുവയ്ക്കാനും ശ്രമങ്ങളുണ്ടായി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഇവർ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ജനിച്ച് അന്നുമുതൽ കൊല്ലാൻ തീരുമാനിച്ചിരുന്നെന്നും ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അതിനാണ് ലോഡ്ജിൽ മുറിയെടുത്തതെന്നും ഷാനിഫ് പോലീസിന് മൊഴി നൽകി. സ്വാഭാവിക മരണത്തിലേക്ക് കുഞ്ഞിനെ തള്ളിവിടാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. കുഞ്ഞ് ജനിച്ച ശേഷം പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചു, വാരിയെല്ലിനുൾപ്പെടെ ക്ഷതമുണ്ടാക്കി. കട്ടിലിൽ നിന്നു വീണ് പരുക്കുപറ്റി എന്ന തരത്തിൽ ആശുപത്രിയിൽ എത്തിച്ച് പിന്നീട് ന്യൂമോണിയ ഉൾപ്പെടെ ബാധിച്ച് മരിച്ചു എന്ന തരത്തിൽ ചിത്രീകരിക്കാനായിരുന്നു ശ്രമം.