കോഴിക്കോട്: ബെംഗളൂരു–കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയതായി എം.കെ.രാഘവൻ എംപി. ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടണമെന്നതെന്ന് വളരെ കാലത്തെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാത്രി 9.35 ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 12.40ന് കോഴിക്കോട് എത്തും. 10.55നാണ് കണ്ണൂരിൽ എത്തുന്നത്. കോഴിക്കോടുനിന്ന് ഉച്ചതിരിഞ്ഞ് 3.30ന് ആരംഭിച്ച് രാവിലെ 6.35ന് ബെംഗളൂരുവിൽ എത്തും.
ബെംഗളൂരു യാത്രക്കാർ അനുഭവിക്കുന്ന വലിയ പ്രയാസം പരിഗണിച്ചാണു നടപടി. രണ്ടു വർഷം മുമ്പ് ഹുബ്ലിയിൽ പോയി സൗത്ത് വെസ്റ്റ് ജനറൽ മാനേജരെ കണ്ടിരുന്നു. അവരുടെ ആവശ്യം പരിഗണിച്ച് ചെന്നൈയിലെ ജനറൽ മാനേജരുമായി ചർച്ച നടത്തി. സതേൺ റെയിൽവേയും പിന്തുണ നൽകി. ഇതിനിടെ രണ്ടു മാസം മുമ്പ് ട്രെയിൻ നീട്ടരുതെന്നാവശ്യപ്പെട്ട് ചിലരുടെ സമ്മർദം മൂലം മംഗലാപുരം എംപി റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. എന്തായാലും ട്രെയിൻ നീട്ടാൻ ഉത്തരവായി. മംഗലാപുരം – ഗോവ വന്ദേഭാരത് ട്രെയിൽ കോഴിക്കോട്ടേക്കു നീട്ടുന്നതിനും ശ്രമം ആരംഭിച്ചു. കൂടുതൽ മെമു സർവീസ് കോഴിക്കോട്ടേക്കു കൊണ്ടുവരാൻ ശ്രമിക്കുകയാണ്. 12 മെമു സർവീസ് അനുവദിച്ചതിൽ പതിനൊന്നും തിരുവനന്തപുരം ഡിവിഷനാണു പോയിട്ടുള്ളത്. ഒരെണ്ണം മാത്രമാണ് കോഴിക്കോടിനു ലഭിച്ചത്. അതുകൊണ്ട് കൂടുതൽ മെമു സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ചാണു റെയിൽവേ ആലോചിക്കുന്നത്.
നിരന്തര പരിശ്രമങ്ങൾക്കും ഏറെ കാത്തിരിപ്പുകൾക്കും ഒടുവിലാണ് ട്രെയിൻ നീട്ടുന്നതിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റെയിൽവേ ബോർഡിന് മുൻപാകെയും പാർലമെന്റിലും നിരന്തരം ഉന്നയിക്കുന്ന വിഷയം ആണ് പരിഹരിക്കപ്പെട്ടതെന്നും എംപി പറഞ്ഞു.