ആലപ്പുഴ: വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ സുറുമിയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റ് ഡോ. ഷേര്‍ളി. ചികിത്സയുടെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും 32-ാമത്തെ ആഴ്ചവരെ അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും ഡോ. ഷേര്‍ളി പറഞ്ഞു.ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ളി, പുഷ്പ എന്നിവര്‍ക്കെതിരെയും സ്വകാര്യ സ്കാനിങ് സെന്ററിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്.
അതേസമയം ആസ്റ്ററിലോ അമൃതയിലോ ആണ് തുടര്‍ന്നുള്ള ചികിത്സകള്‍ കുഞ്ഞിന് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സാധാരണക്കാരനായ ഒരു ടാക്‌സിഡ്രൈവറായ തനിക്ക് ചികിത്സാച്ചെലവുകള്‍ താങ്ങാന്‍ പറ്റുമോ എന്നറിയില്ലെന്നും കുഞ്ഞിന്റെ പിതാവ് പ്രതികരിച്ചു.കേസന്വേഷണം പ്രത്യേകസംഘം ഏറ്റെടുത്ത് ആലപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടക്കും. ആരോഗ്യവകുപ്പും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ആശുപത്രിക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭകാലത്ത് പലതവണ സ്‌കാന്‍ചെയ്തിട്ടും വൈകല്യം സംബന്ധിച്ച സൂചന ഡോക്ടര്‍മാര്‍ നല്‍കിയില്ലെന്നാണ് പരാതി.കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യമുണ്ട്. കൈയും കാലും വളഞ്ഞാണ്. ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും. തുടങ്ങി ഒട്ടേറെ വൈകല്യങ്ങളാണ് കുഞ്ഞിനുള്ളത്.