മണ്ണാർക്കാട്: എ.ഐ.വൈ.എഫ്. നേതാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ രേഖപ്പെടുത്തി. എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ (31) കഴിഞ്ഞദിവസമാണ് വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് സാദിഖ് ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴിനൽകുകയായിരുന്നു. വിദേശത്തായിരുന്ന ഇദ്ദേഹം ബുധനാഴ്ചയാണ് നാട്ടിലെത്തിയത്.
ഷാഹിനയുടെ മരണത്തിൽ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്ന് ഇദ്ദേഹം പിന്നീട് മാധ്യമങ്ങൾക്കുനൽകിയ അഭിമുഖത്തിൽ ആരോപിച്ചു. ഇദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുൾപ്പെടെ ഉണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ പലപ്പോഴും കുടുംബപ്രശ്‌നമുണ്ടായിട്ടുള്ളതായും പറഞ്ഞു.
വിഷയം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്നും സാദിഖ് അറിയിച്ചു.