തിരുവനന്തപുരം: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട്ട് സ്വദേശി രഞ്ജിത ജി.നായരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
അന്തിമോപചാരത്തിനുശേഷം മൃതദേഹം പുല്ലാട്ടേയ്ക്ക് കൊണ്ടുപോയി. പത്ത് മണിക്ക് രഞ്ജിത പഠിച്ച പുല്ലാട്ട് വിവേകാനന്ദ സ്കൂളിൽ പൊതുദർശനമുണ്ടാവും. ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും. വൈകിട്ട് 4.30നാണ് സംസ്കാരം.രഞ്ജിതയുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിൽ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. ദുരന്തം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.