
പയ്യന്നൂർ: സ്ഥാനാർഥി കാലുകൊണ്ട് ഒപ്പുെവച്ചു, മഷി പുരട്ടാൻ കാൽവിരൽ നീട്ടിക്കൊടുത്തു, കാൽവിരൽകൊണ്ടുതന്നെ വോട്ടും ചെയ്തു. കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ജന്മനാ രണ്ടുകൈയുമില്ലാത്ത വൈശാഖ് ഏറ്റുകുടുക്കയാണ് കാലുകൊണ്ട് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റുകുടുക്ക എയുപി സ്കൂളിലെ ബൂത്തിലാണ് ഈ കാഴ്ച.
യൂത്ത് കോൺഗ്രസ് കാങ്കോൽ-ആലപ്പടമ്പ് മണ്ഡലം പ്രസിഡന്റുകൂടിയാണ് വൈശാഖ്. ചിത്രകാരനും ഇന്ത്യൻ മൗത്ത് ആൻഡ് ഫുട്ട് പെയിന്റിങ് അസോസിയേഷൻ അംഗവുമാണ്. ജനാധിപത്യപ്രക്രിയയിലും തിരഞ്ഞെടുപ്പിലും ഭിന്നശേഷിക്കാർക്കുകൂടി ഇടമുണ്ടെന്നും അത് തെളിയിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗംകൂടിയാണ് മത്സരമെന്നും വൈശാഖ് പറഞ്ഞു. പുലർച്ചെമുതൽ വൈശാഖ് ബൂത്തിൽ സജീവമായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റായിരുന്നു വൈശാഖ്. ഇത്തവണ സ്ഥാനാർഥിയായാണ് ബൂത്തിലെത്തിയത്. പ്രചാരണ ബോർഡുകൾ പലതും നശിപ്പിക്കപ്പെട്ടെന്നും എന്നാൽ ഇത്തരം പ്രവൃത്തികൾകൊണ്ട് തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും വൈശാഖ് പറഞ്ഞു. സിപിഎം ആലപ്പടമ്പ് ലോക്കൽ കമ്മിറ്റിയംഗവും കർഷകസംഘം ഏരിയാ കമ്മിറ്റിയംഗവുമായ ടി. വിജയനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി യു. ശ്രാവണും മത്സരിക്കുന്നു.