
മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയായത് ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അബ്ദുള്ള ദൊകാഡിയയുടെ ഭാര്യ നസ്രീൻ ദൊകാഡിയയുടെ വയറിൽ നിന്ന് മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് വ്യക്തമായത്. മരിച്ച നാലുപേരുടെയും ആന്തരികാവയവങ്ങൾ ഒരേ തരത്തിൽ പച്ചനിറത്തിലേക്ക് മാറി. ഇത് ഭക്ഷ്യവിഷബാധയല്ല. വിഷം കഴിച്ചാലാണ് ഇങ്ങനെ സംഭവിക്കുക എന്നാണ് റിപ്പോർട്ട്.
മരിച്ചവരുടെ തലച്ചോർ, ഹൃദയം, കുടൽ എന്നിവയും പച്ചനിറത്തിലായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. തണ്ണിമത്തനാണോ മരണത്തിന് കാരണം എന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനകൾക്കും സ്ഥിരീകരണങ്ങൾക്കും ശേഷം മാത്രമേ നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കൂ എന്നും സംസ്ഥാന ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പൈഥുനിയിലെ മുഗൾ ബിൽഡിങ്ങിൽ താമസിക്കുന്ന അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ എന്നിവരാണ് മരിച്ചത്.