വടകര: തീവണ്ടിയിൽനിന്ന് മൂരാട് പുഴയിലേക്ക് ചാടിയ യുവാവ് നീന്തി കരയ്ക്കുകയറി. വ്യാഴാഴ്ച രാവിലെ കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിൽനിന്നാണ് കാസർകോട് സ്വദേശിയായ യുവാവ് പുഴയിലേക്ക് ചാടിയത്. വിദേശത്തുനിന്നെത്തി ബന്ധുവിനൊപ്പം നാട്ടിലേക്ക് പോവുകയായിരുന്നു. തീവണ്ടിയുടെ വാതിലിനരികെ നിൽക്കുമ്പോഴായിരുന്നു സംഭവം.
ഉടൻ ടി.ടി.ഇ. റെയിൽവേ കൺട്രോൾ റൂമിൽ വിളിക്കുകയും വടകര ആർ.പി.എഫിനും പോലീസ് സ്റ്റേഷനിലും വിവരം കൈമാറുകയും ചെയ്തു. അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഇവരെല്ലാം എത്തുമ്പോഴേക്കും വിവരമറിഞ്ഞ് നാട്ടുകാരും തിരച്ചിൽ തുടങ്ങിയിരുന്നു. അപ്പോഴേക്കും ഇയാൾ നീന്തി കരയ്ക്കുകയറിയിരുന്നു. പോലീസ് ഇയാളെ വടകര ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധപരിശോധനയ്ക്ക് കൊണ്ടുപോയി.