
നാദാപുരം: സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ശല്യം ചെയ്ത് അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 9 വർഷം കഠിന തടവും 17000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ്ട്രാക്ക്സ്പെഷ്യൽ കോടതി.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അതിജീവിത കാലത്ത് ട്യൂഷൻ ക്ലാസ്സിലേക്ക് പോകുന്നതിനായി ബസ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്നു. ബൈക്കിൽ വന്ന പ്രതി വിദ്യാർത്ഥിനിയെ സഹായം വാഗ്‌ദാനം ചെയ്ത് ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പേരാമ്പ്ര തണ്ടോറപാറ സ്വദേശി എഴുത്തച്ചൻ കണ്ടി സായൂജ് (29) നെ ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദ് അലി ശിക്ഷിച്ചത്. അതിജീവിത 2024 ഫെബ്രുവരി മാസം പത്താം തീയതി പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ്റ്റോപ്പിനടുത്ത്നിൽക്കുന്ന അവസരത്തിലാണ് പ്രതി ബൈക്കിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിച്ചത്.
തുടർന്ന് സ്കൂൾ കൗൺസിലറെ വിവരം അറിയിക്കുകയും പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പേരാമ്പ്ര പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ, സുജില എൻ പി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 10 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി എം ഷാനി , പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചു.