തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഡി.സി. ബുക്സിനെതിരേ ഡി.ജി.പിക്ക് പരാതി നൽകി സി.പി.എം നേതാവ് ഇ.പി. ജയരാജൻ. തനിക്കെതിരേ ഗൂഢാലോചന നടത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാണ് ഇ-മെയിൽ വഴി നൽകിയ പരാതിയിൽ പറയുന്നത്.
ഡി.സി. ബുക്സിനെതിരേ വക്കീൽ നോട്ടീസ് ഉൾപ്പടെ അയക്കാനുള്ള നീക്കത്തിലാണ് ഇ.പിയെന്നാണ് വിവരം. ബുധനാഴ്ച രാവിലെ മുതലാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം ചൂടുപിടിക്കുന്നത്. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങൾ ഉയർന്നു.എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായും തള്ളി ഇ.പി രംഗത്തെത്തി. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.