തിരുവനന്തപുരം: വിദ്യാലയങ്ങളുടെ അവധിക്കാലം ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റണമെന്ന് പറഞ്ഞത് ഔദ്യോഗിക അറിയിപ്പല്ലെന്ന് ]മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ അനുഭവത്തിൽ നിന്ന് തനിക്ക് തോന്നിയ കാര്യം ഫേസ്ബുക്കിൽ കുറിച്ചെന്നേയുള്ളൂ. അത് സമൂഹം ചർച്ച ചെയ്യട്ടേയെന്നും അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു.
'ഇതൊരു ചെറിയ വിഷയമല്ലല്ലോ. കേരളത്തിൽ 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. മഴക്കാലത്ത് തീരദേശത്തെ കുട്ടികൾ സ്‌കൂളിലെത്താൻ ബുദ്ധിമുട്ടുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഇത്രയധികം പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് കരുതിയില്ല. അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ ലഭിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയെ അറിയിക്കും. അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകും.'- അദ്ദേഹം വ്യക്തമാക്കി.
കനത്ത മഴ കാരണം ജൂൺ - ജൂലായിൽ അവധി നൽകേണ്ടി വരുന്നതിലൂടെ പഠന ദിനങ്ങൾ കുറയുന്നു. ഈ സാഹചര്യത്തിലാണ് അവധിമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലെ അവധി ഒഴിവാക്കുന്നത് കുട്ടികൾക്ക് കായിക വിനോദങ്ങൾക്കുള്ള അവസരമില്ലാതാക്കുമെന്നും മഴക്കാലത്ത് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും വിമർശനമുണ്ട്.വേനൽക്കാലത്ത് കുട്ടികളെ ക്ളാസ് മുറികളിലിരുത്തുന്നതിന്റെ ദോഷം, ശുദ്ധജലക്ഷാമം എന്നിവയും ചർച്ചയായിട്ടുണ്ട്.