
തളിപ്പറമ്പ്: രണ്ടുമാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ട് ഡെയറി പള്ളിക്ക് സമീപത്തെ ഹിലാൽ മൻസിൽ ജാബിറിന്റെ രണ്ടുമാസം പ്രായമായ മകൻ അമീഷ് അലൻ ജാബിറിന്‍റെ മരണത്തിൽ അമ്മ എം.പി.മുബഷിറയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുബഷിറ കുളിപ്പിക്കുന്നതിനിടെ കുട്ടി കിണറ്റിൽ വീണ് മരിച്ചുവെന്നായിരുന്നു അന്വേഷണസംഘത്തിന് ലഭിച്ച ആദ്യമൊഴി. ഇതിൽ പൊരുത്തക്കേടുള്ളതായി കണ്ടെത്തിയതിന് പിന്നാലെയാണ് കുഞ്ഞിന്‍റെ അമ്മയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് രണ്ടുമാസം പ്രായമായ അമീഷ് അലനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾമറയും ഇരുമ്പുനെറ്റും അടച്ചുറപ്പുമുള്ള വീട്ടുകിണറ്റിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ സ്ഥലവും പരിസരവും പോലീസ് നിരീക്ഷണത്തിലായിരുന്നു.പോലീസ് ഇൻസ്പെക്ടർ ബാബുമോന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.