കോഴിക്കോട്: മലയാളത്തിന്റെ സ്വന്തം എംടി വാസുദേവൻ നായർക്ക് വിട. സ്മൃതിപഥം ശ്‌മശാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകിയ ശേഷമായിരുന്നു സംസ്‌കാരം. എംടിയുടെ സഹോദരന്റെ മകൻ ടി സതീശനാണ് ചടങ്ങുകൾ നിർവ്വഹിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ എം.ടി. അവസാനമായി 'സിതാര'യുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക്. ഭൗതികശരീരം വഹിച്ച് വീട്ടിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നതുവരേയും 'സിതാര'യിലേക്ക് ജനം ഒഴുകിയെത്തി. മലയാളത്തിന്റെ പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകൾ കാത്തുനിന്നു. പത്രാധിപർ, ചലച്ചിത്രകാരൻ, നാടകകൃത്ത്, സാഹിത്യസംഘാടകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം സുവർണമുദ്ര പതിപ്പിച്ച ആ യുഗം ഇനി ഓർമ മാത്രമായി.