
ചൊക്ലി: ശക്തമായ മഴയെ തുടർന്ന് വീടിന് സമീപത്തെ മൺതിട്ട ഇടിഞ്ഞുവീണ് വീടിന്റെ മുൻവശത്തെ ഡൈനിംഗ് ഹാളിന്റെ ജനലുൾപ്പെടെയുള്ള ചുമർ പൂർണമായും തകർന്നു. പുളിയനബ്രം ഒലിപ്പിൽ സ്‌കൂളിന് സമീപം താമസിക്കുന്ന ഞെട്ടിപ്രത്ത് നൗഷാദിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഡൈനിംഗ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികൾ മണ്ണിടിച്ചിലിന്റെ ശബ്ദം കേട്ട് പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രാത്രിയിലുടനീളം പെയ്ത അതിശക്തമായ മഴയെ തുടർന്ന് മൺതിട്ടയിൽ വെള്ളം കെട്ടിനിന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് നിഗമനം. റവന്യൂ ഉദ്യോഗസ്ഥരും നഗരസഭ ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.