പെരിങ്ങത്തൂർ: കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂർ പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ഡി.കെ. എച്ച് കൺസ്ട്രക്ഷൻ കമ്പനി 25 ലക്ഷം രൂപക്കാണ് പാലത്തിന്റെ നവീകരണപ്രവൃത്തി ഏറ്റെടുത്തത്. അറ്റകുറ്റ പണിക്കായി പാലം അടച്ചതിനെ തുടർന്ന് ഇതുവഴി ആശുപത്രികളിലേക്കും വിദ്യാലയങ്ങളിലേക്കും എയർപോർട്ടിലേക്കും, തലശ്ശേരി, നാദാപുരം ഭാഗങ്ങളിലേക്കും പോകുന്ന യാത്രക്കാർ ഏറെ പ്രയാസമനുഭവപ്പെട്ടിരുന്നു.
ജനുവരി 20 മുതൽ ഒരു മാസത്തേക്കായിരുന്നു പാലം അടച്ചത്. പൊതു മരാമത്ത് നോഡൽ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന പ്രതിമാസ അവലോകന യോഗത്തിൽ പാലം പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കൂത്തുപറമ്പ് എം.എൽ.എ കെ.പി മോഹനൻ നിർദ്ദേശിച്ചിരുന്നു.