കൊച്ചി: പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ കുറുവസംഘാംഗമെന്ന് സംശയിക്കുന്നയാളെ പിടികൂടി. നാലു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് തമിഴ്നാട് സ്വദേശി സന്തോഷിനെ പിടികൂടിയത്. എറണാകുളം കുണ്ടന്നൂർ ഭാഗത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോകുംവഴി ചാടിപ്പോകുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
സന്തോഷിനൊപ്പം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പോലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലുള്ള സ്ത്രീകളുടെ സഹായത്തോടെ കടന്നുകളയുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ വസ്ത്രം ധരിച്ചിരുന്നില്ല.
ആലപ്പുഴയുടെ വടക്കൻ മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളിൽ കള്ളൻ കയറിയിരുന്നു. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്.
മണ്ണഞ്ചേരിയിൽ രണ്ടു വീടുകളിൽ വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകൾ കവർന്നു. ഒരാളുടെ മൂന്നരപ്പവൻ സ്വർണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാൽ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളിൽ മോഷണശ്രമവും നടന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.