BREAKING NEWS
dateSAT 13 DEC, 2025, 5:33 PM IST
dateSAT 13 DEC, 2025, 5:33 PM IST
back
Homepolitics
politics
Aswani Neenu
Thu Jun 06, 2024 05:22 PM IST
ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് പാലക്കാട്; കണക്കുകൂട്ടലിൽ മുന്നണികൾ, വിജയം ഉറപ്പെന്ന് യു ഡി എഫ്
NewsImage

പാലക്കാട്‌: വടകരയിൽ ഷാഫി പറമ്പിൽ ജയിച്ചതോടെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ച തുടങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് നേരിയ ഭൂരിപക്ഷമാണെങ്കിലും നിലവിലെ സാഹചര്യം തീർത്തും സുരക്ഷിതമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. നഗരസഭയിലെ സ്വാധീനം മുതലെടുത്ത് മുന്നിലെത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അതേസമയം വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ നില മെച്ചപ്പെടുത്താനാകും സിപിഎമ്മിൻ്റെ ശ്രമം.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് ലഭിച്ചത് 52,779 വോട്ടാണ്. രണ്ടാമതെത്തിയ ബിജെപിയേക്കാൾ 9707 വോട്ടിന്‍റെ ഭൂരിപക്ഷം. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ ട്രെൻഡ് തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് കണക്കുകൂട്ടൽ. ഷാഫി വടകരയിലേക്ക് വണ്ടി കയറിയപ്പോൾ തന്നെ പകരം ആര് എന്ന ചർച്ചകൾ സജീവമാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വി ടി ബലറാം എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.

തുടർച്ചയായ നഗരസഭാ ഭരണവും കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയതിൻ്റെ ആത്മവിശ്വാസവുമാണ് ബിജെപിയുടെ കൈമുതൽ. ഇ ശ്രീധരനെ പോലെ പൊതു സമ്മതനെ ഇറക്കാനായിരിക്കും നീക്കം. അതേസമയം എൽഡിഎഫിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണ് പാലക്കാട് മുൻ തെരഞ്ഞെടുപ്പുകളിലെ കണക്കുകളൊന്നും സിപിഎമ്മിന് പ്രതീക്ഷയ്ക്ക് വകനൽകുന്നുമില്ല. 2019 ൽ നിന്ന് 2024 ൽ എത്തിയപ്പോൾ കുറഞ്ഞത് 5323 വോട്ടാണ്. ആര് മത്സരിച്ചാലും പ്രവചനാതീതമാകും പാലക്കാടൻ കാറ്റിൻ്റെ ഗതിയെന്ന് ഉറപ്പ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE