തിരുവനന്തപുരം: പാലക്കാട് സ്ഥാനാർഥിയായതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോകാനുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ആവശ്യം അംഗീകരിക്കാതെ ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ ഒപ്പം വരണമെന്ന ആവശ്യത്തോട് ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
പാലക്കാട് രാഹുലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധവും എതിർപ്പുമായി പി.സരിൻ രംഗത്തെത്തിയതിന് പിന്നാലെയാണ് ചാണ്ടി ഉമ്മനും രാഹുലിനോട് എതിർപ്പ് പ്രകടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്ന് വാർത്താസമ്മേളനം വിളിച്ച് പി.സരിന്‍ ആവശ്യപ്പെട്ടിരുന്നു. പാലക്കാട് കോൺഗ്രസിന്‍റെ ജയം അനിവാര്യമാണെന്നും ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് കോൺഗ്രസിലെ പൊട്ടിത്തെറി പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മനും എതിർപ്പ് പ്രകടമാക്കിയത്.