കൊല്ലം: എം. മുകേഷ് എം.എൽ.എ.യ്ക്കെതിരേ ഉണ്ടായ പരാതിയും ആരോപണവും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ എം.എൽ.എ.യ്ക്കെതിരായ ആരോപണം ദോഷംചെയ്യുമെന്ന് അംഗങ്ങൾ പറഞ്ഞു. മുകേഷിനെതിരേ അംഗങ്ങൾ രൂക്ഷമായി പ്രതികരിച്ചതായാണ് വിവരം.
കൊല്ലത്ത് പ്രതിപക്ഷസംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾ പാർട്ടിക്ക് ദോഷമാകുമെന്നും അഭിപ്രായമുണ്ടായി. അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച സർക്കാർതീരുമാനം ഉചിതമായെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. പരാതി അതിഗൗരവത്തോടെ അന്വേഷിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.കൊല്ലത്തെ സംഭവങ്ങൾ സംസ്ഥാനനേതൃത്വത്തെ അറിയിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. സിനിമാതാരം എന്നനിലയിലുള്ള ആരോപണത്തിൻറെപേരിൽ എം.എൽ.എ.സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. ഇത്തരം ആരോപണങ്ങളുടെപേരിൽ പ്രതിപക്ഷ എം.എൽ.എ.മാരൊന്നും രാജിവെച്ചിട്ടില്ല.