തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ വിട്ടുപോയ യാത്രക്കാരെ തിരിച്ചുകൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ. കേരളത്തിലെ യാത്രാസംസ്‌കാരം മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തീയേറ്റർ ഉപേക്ഷിച്ച പ്രേക്ഷകരെ തിരികെ കൊണ്ടുവന്നതുപോലെ കെ.എസ്.ആർ.ടി.സി.യിലേക്ക് യാത്രക്കാരെ കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെ.എസ്.ആര്‍.ടി.യുടെ വ്യാപാരസമുച്ചയങ്ങളില്‍ 60 ശതമാനത്തോളം കടകള്‍ വാടകയ്ക്ക് കൊടുക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. അടിയന്തരമായി കെ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ മുഴുവൻ കടകളും വാടകയ്ക്ക് കൊടുക്കും. അതിന് വേണ്ട വിട്ടുവീഴ്ചകള്‍ ചെയ്യും.
കെ.എസ്.ആര്‍.ടി.സിയെ വിട്ടുപോയ യാത്രക്കാരെ തിരിച്ചുകൊണ്ടുവരും. ശുചിമുറികള്‍ വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്ന് ശുചിമുറിയില്‍ പോവേണ്ടി വന്നാല്‍ ഇത്തരം ശുചിമുറികളില്‍ കേറേണ്ടി വരുമല്ലോ എന്ന ചിന്ത യാത്രക്കാരെ അകറ്റിയിട്ടുണ്ട്. ഹോട്ടലുകളും നവീകരിക്കും. പുതിയ ബസുകള്‍ക്ക് ധനമന്ത്രി ഉടന്‍ അനുമതി നല്‍കും. എ.സി. ബസുകള്‍ പത്തെണ്ണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. പ്രീമിയം സൂപ്പര്‍ഫാസ്റ്റ് നല്ല ലാഭമാണ്. ഒരു ദിവസം 10,000 രൂപ ലാഭമാണ്. അത്തരത്തിലുള്ള വാഹനങ്ങള്‍ ധാരാളം വരും. കേരളത്തിലെ യാത്രാസംസ്‌കാരം മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.