ഒരു പുരുഷനൊപ്പം ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നത് ലൈംഗിക ബന്ധത്തിനുള്ള സ്ത്രീയുടെ സമ്മതമായി കണക്കാക്കാന്‍ ആകില്ലെന്ന് ബോംബെ ഹൈക്കോടതി.ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിടാനുള്ള സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.
അതിജീവിത ഹോട്ടല്‍ മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തിറങ്ങുകയും ഉടന്‍ തന്നെ ബലാത്സംഗത്തിന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. യുവതി ഹോട്ടല്‍ മുറി ബുക്ക് ചെയ്തതും പ്രതിയോടൊപ്പം അവിടെ പോയതും ലൈംഗിക ബന്ധത്തിന് സമ്മതിച്ചുവെന്ന നിഗമനത്തിലെത്തിയ അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്ക് പിഴച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതിയ്ക്കെതിരെ ബലാത്സംഗം,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താന്‍ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.'ഒരു പ്രതിഷേധവുമില്ലാതെ ഒരു മുറിയില്‍ പ്രതിയുമായി അകത്തേക്ക് പോകുക, മുറിയില്‍ സംഭവിച്ചതിന് സമ്മതം നല്‍കുക' എന്നീ രണ്ട് കാര്യങ്ങള്‍ സെഷന്‍സ് കോടതി ജഡ്ജി തെറ്റായി വ്യാഖ്യാനിച്ചെടുത്തെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെ പറഞ്ഞു.വിദേശത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് ഏജന്റുമായി കൂടിക്കാഴ്ച നടത്താനെന്ന വ്യാജേനയാണ് പ്രതി തന്നെ ഹോട്ടലിലേക്ക് കൊണ്ടുപോയതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.