തലശ്ശേരി: ഉളിയിൽ വെമ്പടിച്ചാൽ വീട്ടിൽ പാർവതി അമ്മയെ (86) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. മകൻ കെ. സതീശനെയാണ് (55) തലശ്ശേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. മദ്യപാനിയായ പ്രതി സ്വത്ത് വിറ്റ് പണം ചെലവഴിച്ചതിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. 2018 മേയ് 13ന് ഉച്ചക്കുശേഷമാണ് സംഭവം. പാർവതി അമ്മയുടെ പേരിലുള്ള ചാവശ്ശേരിയിലെ ഭവനത്തിൽവെച്ചാണ് കൃത്യം നടന്നത്.
പാർവതി അമ്മയെ കട്ടിലിൽ കിടത്തി ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞാണ് മരണം. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. ബന്ധുവും അയൽക്കാരനുമായ വിനീഷിന്റെ പരാതിയിൽ മട്ടന്നൂർ എസ്.ഐ ആയിരുന്ന ശിവൻ ചോടോത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈ.എസ്.പി എ.വി. ജോൺ അന്വേഷണം നടത്തി.