വടകര: നഗരത്തിൽ ദേശീയപാതയിലെ അവസാനിക്കാത്ത ഗതാഗതകുരുക്ക് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. രാവിലെയും വൈകുന്നേരവും മാത്രമല്ല സദാസമയവും നഗരം കുരുക്കിലാവുന്ന സ്ഥിതിയാണ്. ദേശീയപാത നിർമാണ പ്രവർത്തി തുടങ്ങിയത് മുതൽ ഗതാഗത കുരുക്ക് പതിവാണ്. കനത്ത മഴയും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും കുരുക്ക് രൂക്ഷമാക്കുന്നു.
വീതി കുറഞ്ഞ സർവീസ് റോഡും കുരുക്കിന് പ്രധാന കാരണമാണ്. നിരനിരയായി മാത്രമേ വാഹനങ്ങൾക്ക് ഇത് വഴി പോകാൻ സാധിക്കു. ഇതിനോട് ചേർന്ന നടപ്പാതയുടെ സ്ലാബുകളാവട്ടെ എല്ലാ ദിവസവും പൊട്ടുന്ന സ്ഥിതിയാണ്. യാത്രക്കാരുടെ കാൽ പൊട്ടിയ സ്ലാബുകൾക്കുള്ളിൽ കുടുങ്ങാൻ ഇടയുണ്ട്. ഇതിനാൽ യാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ടി വരുന്നു. ചെറുതും വലുതുമായ കുഴികൾ നിറഞ്ഞിരിക്കുകയാണ് റോഡ് മുഴുവൻ. ഇവ മഴയ്ക്ക് മുൻപ് അടച്ചിരുന്നുവെങ്കിൽ സ്ഥിതി ഇത്ര രൂക്ഷമാവില്ലായിരുന്നു. സമയത്തിന് എത്താൻ സാധിക്കാത്തതിനാൽ ബസ് ജീവനക്കാർക്ക് സർവീസ് നിർത്തിവെക്കണ്ടേ സ്ഥിതിയാണ്.
സ്‌കൂളുകളിലേക്കും ഓഫീസുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കുമൊന്നും സമയത്ത് എത്താൻ ആളുകൾക്ക് കഴിയുന്നില്ല. ഇതിനിടെ കനത്ത മഴയ്ക്കിടെ കുഴികൾ ടാർ ചെയ്യുന്ന പ്രവൃത്തി തുടങ്ങിയിരുന്നു. വെള്ളം നിറഞ്ഞ കുഴികളിലെ ടാറിങ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത്തരത്തിൽ ടാർ ചെയ്ത ഇടങ്ങളിലെല്ലാം രണ്ട് ദിവസം കഴിഞ്ഞതോടെ വീണ്ടും കുഴിയായി. ഇപ്പോൾ കോൺക്രീറ്റ് വേസ്റ്റും മണ്ണും കൊണ്ടിട്ട് കുഴികൾ അടയ്ക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ശാശ്വതമാവുന്നില്ല. ദേശീയപാത സ്തംഭിക്കുമ്പോൾ പോക്കറ്റ് റോഡുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ഇതോടെ ഈ റോഡുകളും കുരുക്കിൽ അമരുന്നു. മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക് വടകരയിലേക്ക് വരുന്നതിൽ നിന്നും ആളുകളെ പിന്നോട്ടടിപ്പിക്കുകയാണ്. ഇത് കച്ചവട മേഖലയെയും ബാധിക്കുന്നുണ്ട്.