കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി. പ്രോസിക്യൂഷൻ അപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈകോടതി ഉത്തരവ്. ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയായിരുന്നു.
നേരത്തെ ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി റോയി വർഗീസ് ഈ വാദം അംഗീകരിക്കാതെ അപേക്ഷ തള്ളുകയായിരുന്നു. ജാമ്യം റദ്ദാക്കൽ അപേക്ഷ അഡീഷനൽ സെഷൻസ് കോടതിയിൽ അല്ല, ഹൈകോടതിയിലാണ് സമർപ്പിക്കേണ്ടതെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. ഇതോടെയാണ് കേസ് ഹൈകോടതിയിൽ എത്തിയത്. ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ പ്രതികൾക്ക് ചട്ടങ്ങൾ ലംഘിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് പ്രോസിക്യൂട്ടർ വാദിച്ചു.