തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും സത്യവാചകംചൊല്ലി.
സഗൗരവമായിരുന്നു പ്രദീപിന്റെ സത്യപ്രതിജ്ഞ. രാഹുല്‍മാങ്കൂട്ടത്തില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ചീഫ് വിപ്പ് എന്‍. ജയരാജ്, മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, പി. പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ. രാജന്‍, സജി ചെറിയാന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.