നാദാപുരം: നാദാപുരം മേഖലയിൽ ഖത്തർ പ്രവാസിയും ഭാര്യയും നടത്തിയ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി നിരവധി പേർ. കോടികളുടെ നഷ്ടം. കുറ്റ്യാടി പാലേരി സ്വദേശിയും നാദാപുരം കക്കം വെള്ളി ശാദുലി റോഡിലെ താമസക്കാരനും ഭാര്യയുമാണ് ബിസിനസുകളിൽ പങ്കാളിയാക്കാമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നും ലക്ഷങ്ങൾ വാങ്ങി മുങ്ങിയത്. നാദാപുരം മേഖലയിലെ പ്രമുഖ ബിസിനസുകാർ , വ്യാപാര പ്രമുഖർ എന്നിവർക്ക് ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും കാണിച്ച് വിശ്വാസം ആർജ്ജിച്ച ശേഷം വായ്പയായും ബിസിനസിൽ കൂട്ടു ചേർക്കാമെന്നും പറഞ്ഞാണ് വൻ തുകകൾ വാങ്ങിയെടുത്തത്. അടുത്ത സുഹൃത്തുക്കളെ ഉൾപെടെ ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് ലേലം ചെയ്യുന്ന പഴയ സ്വർണ്ണം വാങ്ങിക്കാനായി 40 ലക്ഷത്തോളം രൂപയാണ് പ്രവാസിയുടെ ഭാര്യ ജാതിയേരി സ്വദേശിയിൽ നിന്ന് അടുത്തിടെയാണ് തട്ടി എടുത്തത്. ഇതിൽ പണം സ്വീകരിക്കുന്ന വീഡിയോയും പരാതിക്കാരുടെ കൈവശം ഉണ്ട്.
നൽകിയ പണം വർഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു കിട്ടാതായതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കുന്നത്. കുറ്റ്യാടി, വടകര താഴെ അങ്ങാടി, നാദാപുരം , ജാതിയേരി, പുറമേരി , പേരാമ്പ്ര സ്വദേശികളാണ് തട്ടിപ്പിനിരയായത്. അടുത്തിടെയായി ജാതിയേരി, കടമേരി , തലായി സ്വദേശികളിൽ നിന്ന് ഒന്നര കോടിയിലേറെ രൂപ ഇയാൾ തട്ടിച്ചെടുത്തതായാണ് വിവരം. വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടിൽ ചെക്ക് കേസിൽ പെട്ടതോടെ തട്ടിപ്പ് കാരനും ഭാര്യയും ഇപ്പോൾ ഖത്തറിൽ നിയമനടപടികൾ നേരിടുകയാണ്. പലരിൽ നിന്നായി ഭാര്യയും പണം തട്ടിയെടുത്ത് തിരികെ നൽകാതെ കബളിപ്പിച്ചിട്ടുണ്ട്. പ്രവാസിയുടെ ഭാര്യ പണം വാങ്ങിക്കുന്ന വീഡിയോ വാട്സാപ്പുകളിലും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. നൽകിയ പണം തിരികെ ചോദിക്കുന്നവരെയും തട്ടിപ്പ്കാരനെ തേടി ഇയാളുടെ വീട്ടിലെത്തുന്നവരെയും പ്രവാസിയും സഹോദരങ്ങളും ചേർന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതി ഉണ്ട്. പീഢന കേസിലും മറ്റും ഉൾപ്പെടുത്തുമെന്നാണ് ഭീഷണി. തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ദുബായിലും ബംഗ്ളുരുവിലും ഇയാളുടെ ബന്ധു മുഖേന സ്ഥാപനങ്ങൾ, റസ്റ്റാറൻ്റുകൾ എന്നിവ തുറന്നിട്ടുണ്ട്. തട്ടിപ്പിനിരയായവർ നിയമ നടപടികൾക്കായി പോലീസിനെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ്.