BREAKING NEWS
dateFRI 27 DEC, 2024, 10:33 AM IST
dateFRI 27 DEC, 2024, 10:33 AM IST
back
Homeregional
regional
SREELAKSHMI
Wed Dec 25, 2024 10:14 PM IST
അക്ഷരകുലപതിക്ക് വിട ;എം. ടി വാസുദേവൻ നായർ അന്തരിച്ചു
NewsImage

കോഴിക്കോട്: മലയാളിയുടെ മനസ്സിലെ അര്‍ത്ഥദീര്‍ഘമായ ആ ദ്വയാക്ഷരം കാലം കവിഞ്ഞു- മലയാളത്തിന്റെ എം.ടി. വിട പറഞ്ഞു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുറച്ചുനാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിന്റേയും കിഡ്‌നിയുടേയും പ്രവര്‍ത്തനം മന്ദഗതിയിലാണെന്നും നിരീക്ഷണം തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അല്‍പ്പം മുന്‍പ് അറിയിച്ചിരുന്നു.1933 ജൂലായ് 15ന് കൂടല്ലൂരിലാണ് ജനനം.

മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും മികച്ച സംഭാവനകൾ നൽകിയിട്ടുള്ള എം.ടി, രാജ്യത്തെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ൽ നേടി. 2005ൽ രാജ്യം അദ്ദേഹത്തിന് പദ്‌മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. മലയാളികളുടെ എന്നും പ്രിയപ്പെട്ട നോവലുകളായ മഞ്ഞ്,നാലുകെട്ട്, അസുരവിത്ത്, കാലം,രണ്ടാമൂഴം, എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് എന്നിവ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓർമ്മയ്‌ക്ക്, കുട്ട്യേടത്തി, ഓളവും തീരവും, ഷെർലക്ക്, വാനപ്രസ്ഥം, വേദനയുടെ പൂക്കൾ, രക്തം പുരണ്ട മൺതരികൾ എന്നീ കഥകളും ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്‌തു.ഈ പലകഥകളും അദ്ദേഹം പിന്നീട് തിരക്കഥയാക്കി. നിർമ്മാല്യം, ഒരു ചെറുപുഞ്ചിരി എന്നിങ്ങനെ സംവിധാനം ചെയ്‌ത ചിത്രങ്ങൾക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കി. 1973ൽ പുറത്തിറങ്ങിയ നിർമ്മാല്യമാണ് ആദ്യമായി സംവിധാനം ചെയ്‌തത്. 'പള്ളിവാളും കാൽച്ചിലമ്പും' എന്ന അദ്ദേഹത്തിന്റെ കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് നിർമ്മാല്യം. ഈ ചിത്രത്തിന് ആ വ‌ർഷം മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചു. ചിത്രത്തിലെ വെളിച്ചപ്പാടായി അഭിനയിച്ചതിന് പി.ജെ ആന്റണിയ്‌ക്ക് ഭരത് അവാ‌ർ‌ഡ് ലഭിച്ചു. മോഹിനിയാട്ടം, ബന്ധനം, ദേവലോകം, വാരിക്കുഴി, മഞ്ജു, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തു.63ഓളം ചിത്രങ്ങളിൽ തിരക്കഥയെഴുതി.

1965ൽ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര തിരക്കഥാ രംഗത്ത് അദ്ദേഹം എത്തിയത്. ഈ വർഷം പുറത്തിറങ്ങിയ ടിവി സീരീസ് ആയ മനോരഥങ്ങളാണ് ഒടുവിലത്തേത്. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് ടി നാരായണൻ നായരുടെയും കൂടല്ലൂർ അമ്മാളുവമ്മയുടെയും ഇളയമകനാണ് എം.ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂർ ഹൈസ്‌കൂളിലും പാലക്കാട് വിക്‌ടോറിയ കോളേജിലും വിദ്യാഭ്യാസം. വിക്‌ടോറിയയിൽ നിന്ന് കെമിസ്ട്രിയിൽ ബി.എസ്‌സി ബിരുദം നേടിയ ശേഷം പട്ടാമ്പി, ചാവക്കാട് ഹൈസ്‌കൂളുകളിലും പാലക്കാട്ട് എം.ബി ട്യൂട്ടോറിയൽസിലും അദ്ധ്യാപകനായി. 1956ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ ജൂനിയർ എഡിറ്ററായി. മുഖ്യപത്രാധിപരായിരുന്ന എൻ.വി.കൃഷ്ണവാര്യർ 1968ൽ സ്ഥാനമൊഴിഞ്ഞപ്പോൾ എം.ടി മുഖ്യപത്രാധിപരായി. 1981 വരെ ആ പദവിയിൽ തുടർന്നു. പിന്നീട് ഒരിടവേളയ്ക്കുശേഷം 1989ൽ മാതൃഭൂമി പീരിയോഡിക്കൽസിന്റെ എഡിറ്ററായി. 1999ൽ വിരമിച്ചു. പ്രമീളയാണ് ആദ്യ ഭാര്യ. പിന്നീട് നർത്തകി കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു. സിതാര (ജോൺസൺ ആൻഡ് ജോൺസൺ, യു.എസ്), അശ്വതി (നർത്തകി) എന്നിവർ മക്കൾ. മരുമകൻ: സഞ്ജയ് ഗിർമെ (യു.എസ്), ശ്രീകാന്ത് (നർത്തകൻ).

പുരസ്‌കാരങ്ങൾ

സാഹിത്യരംഗത്ത് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ലാണ് എം.ടിയെ തേടിയെത്തിയത്. 2004ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് (കാലം), കേരള സാഹിത്യ അക്കാഡമി അവാർഡ് (നാലുകെട്ട്, സ്വർഗം തുറക്കുന്ന സമയം, ഗോപുരനടയിൽ), വയലാർ അവാർഡ് (രണ്ടാമൂഴം), ഓടക്കുഴൽ അവാർഡ് (വാനപ്രസ്ഥം), മാതൃഭൂമി പുരസ്‌കാരം, മുട്ടത്തുവർക്കി അവാർഡ്, പത്മരാജൻ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം ആദ്യസംവിധാനം നിർവഹിച്ച 'നിർമ്മാല്യത്തിന്' 1973ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഇതിനുപുറമേ 30ലേറെ ദേശീയ, സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996 ജൂൺ 22ന് കാലിക്കറ്റ് സർവകലാശാല ഓണററി ഡി. ലിറ്റ് (ഡോക്ടർ ഒഫ് ലെറ്റേഴ്സ്) ബിരുദം നല്കി ആദരിച്ചു. 2005ലെ മാതൃഭൂമി പുരസ്‌കാരത്തിനും അർഹനായി.

മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും (1978ൽ ബന്ധനം, 1991ൽ കടവ്, 2009ൽ കേരളവർമ്മ പഴശ്ശിരാജ,) 2011ൽ എഴുത്തച്ഛൻ പുരസ്‌കാരവും ലഭിച്ചു. 2005ൽ കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വവും 2013ൽ കേന്ദ്ര സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പും ലഭിച്ചു.

പ്രധാന നോവലുകൾ

മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽ വെളിച്ചവും, അറബിപ്പൊന്ന് (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്), രണ്ടാമൂഴം, വാരണാസി.

കഥകൾ

ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർഎസ് സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്.

തിരക്കഥകൾ

ഓളവും തീരവും, മുറപ്പെണ്ണ്, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, നഗരമേ നന്ദി, അസുരവിത്ത്, പകൽക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, ഉയരങ്ങളിൽ, ഋതുഭേദം, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്), തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്), പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി

updating...

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE