തിരുവനന്തപുരം:യാത്രക്കാരെ ബുദ്ധിമുട്ടിക്കും വിധം കെ.എസ്.ആർ.ടി.സി. ബസുകൾ വഴിയിൽ തടയരുതെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ.
ജീവനക്കാരിൽനിന്ന് മോശം പെരുമാറ്റമുണ്ടായാൽ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് വാട്‌സാപ്പിൽ കൈമാറാം. കുറ്റക്കാർക്കെതിരേ ശക്തമായനടപടിയുണ്ടാകും.
ബസ് തടയുമ്പോൾ അതിലെ യാത്രക്കാരുടെ സമയമാണ് നഷ്ടമാകുന്നത്. ബസ് തടഞ്ഞവ്യക്തിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകാൻ വ്യവസ്ഥയുണ്ട്. യാത്രക്കാരിൽനിന്നോ, പൊതുജനങ്ങളിൽനിന്നോ മോശംപെരുമാറ്റം ഉണ്ടായാൽ ജീവനക്കാർക്ക് അത് ചിത്രീകരിച്ച് മേലുദ്യോഗസ്ഥർക്ക് കൈമാറാം. ജീവനക്കാരെ കൈവെക്കുന്നത് അംഗീകരിക്കാനാകില്ല. ക്രിമിനൽ കേസെടുക്കും.സ്വകാര്യബസ് ജീവനക്കാർ മത്സരയോട്ടത്തിനും അക്രമത്തിനും മുതിരരുത്. ബസിന്റെ പെർമിറ്റ് റദ്ദാക്കും. കെ.എസ്.ആർ.ടി.സി. ജീവനക്കാരെ ശാരീരികമായി ഉപദ്രവിക്കുകയോ അസഭ്യംപറയുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.