തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്‌ച മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇവിടുത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നൽകിയിട്ടുണ്ട്.
ഇന്നലെ ശക്തമായ കാറ്റിലും മഴയിലും കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശനഷ്‌ടം സംഭവിച്ചിരുന്നു. പോസ്റ്റുകൾ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചിരുന്നു. പലയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. മരം കടപുഴകി പ്രധാന റോഡുകളിൽ ഗതാഗത തടസമുണ്ടായി. പത്ത് വീടുകൾക്ക് നാശമുണ്ടായി.