തിരുവനന്തപുരം: യുവനേതാവിനെതിരേ ആരോപണവുമായി നടിയും മുന്‍മാധ്യമപ്രവര്‍ത്തകയും മോഡലുമായ നടി റിനി ആന്‍ ജോര്‍ജ്. യുവനേതാവിനെക്കുറിച്ച് പലയിടത്തും പരാതി പറഞ്ഞിരുന്നു. പരാതി പറഞ്ഞതിനുശേഷവും അയാള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു. പ്രശ്‌നങ്ങളൊന്നുമില്ല, പരിഹരിക്കും എന്നായിരുന്നു പരാതി പറഞ്ഞപ്പോള്‍ നേതാക്കളുടെ പ്രതികരണം.
'ഒരു പ്രസ്ഥാനത്തേയും തേജോവധം ചെയ്യാന്‍ ഉദ്ദേശമില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ പല മാന്യദേഹങ്ങളുടേയും ആറ്റിറ്റ്യൂഡ് ഹൂ കെയേഴ്‌സ് എന്നാണ്. അതുകൊണ്ടാണ് ഞാന്‍ ആ പ്രയോഗം ഉപയോഗിച്ചത്. പല ഫോറങ്ങളില്‍ വിഷമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതിനോടെല്ലാം ഹൂ കെയേഴ്സ് എന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത്. പരാതി പറഞ്ഞതിനുശേഷവും സ്ഥാനമാനങ്ങള്‍ ലഭിച്ചു. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തില്‍ പലരുമായും എനിക്ക് അടുത്ത സ്‌നേഹബന്ധവും സൗഹൃദവുമുണ്ട്. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തത്. ദുരനുഭവങ്ങള്‍ ഇനിയുമുണ്ടാവുകയാണെങ്കില്‍ വെളിപ്പെടുത്തും', എന്നായിരുന്നു നടിയുടെ വാക്കുകള്‍.
'ആദ്യം എതിര്‍ത്തു, പിന്നീട് ഉപദേശിച്ചു. വളര്‍ന്നുവരുന്ന മിടുക്കനായ യുവനേതാവാണ് ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം, ഞാന്‍ വരാം എന്ന് മെസേജ് അയച്ചപ്പോള്‍ നന്നായി പ്രതികരിച്ചു. അതിന് ശേഷം കുറേനാള്‍ പ്രശ്‌നമുണ്ടായിരുന്നില്ല. പിന്നീട് വീണ്ടും അത്തരത്തിലുള്ള മെസേജുകളയച്ചു. തുറന്നുകാട്ടണം എന്നുള്ളതുകൊണ്ടാണ് ഇത്രയെങ്കിലും പറയാന്‍ തയ്യാറായത്. സാമൂഹിക മാധ്യമങ്ങളിലെല്ലാം ആ വ്യക്തിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വന്നതാണ്. ഹൂ കെയേഴ്‌സ്, അതാണ്.', നടി കൂട്ടിച്ചേര്‍ത്തു.
'ഇതെന്റെ വ്യക്തിപരമായ പ്രശ്‌നമേയല്ല, അതുകൊണ്ടാണ് കേസുമായി പോവാതിരുന്നത്. സമീപകാലത്ത് സാമൂഹികമാധ്യമങ്ങളില്‍ ഈ വ്യക്തിയെക്കുറിച്ച് ചില കാര്യങ്ങള്‍ വന്നപ്പോള്‍ ഇത് പല സ്ത്രീകളും നേരിടുന്നുണ്ടെന്നും മനസിലാക്കുകയും അതുകൊണ്ട് ഞാന്‍ ഇത് സംസാരിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നി. എനിക്ക് വലിയ ഉപദ്രവം ഒന്നുമുണ്ടായില്ല. നീതിയില്ലാത്തതുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. പ്രശ്‌നങ്ങളൊന്നുമില്ല, പരിഹരിക്കും എന്നായിരുന്നു നേതാക്കളോട് പരാതി പറഞ്ഞപ്പോള്‍ പ്രതികരണം', അവര്‍ വ്യക്തമാക്കി.