തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) പ്രതിചേര്‍ത്തതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. രാജിവയ്‌ക്കേണ്ടത് മുഖ്യമന്ത്രിയുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വീണയ്ക്ക് വിശദീകരണം നല്‍കാനുള്ള അവസരം നല്‍കിയ ശേഷമാണ് എസ്എഫ്‌ഐഒ അവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മിക പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു. പണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്തമുള്ളവര്‍ രാജിവച്ച ചരിത്രം നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഉണ്ട്. അതനുസരിച്ച് രാജിവയ്ക്കുകയാണ് ഏറ്റവും ഉചിതം. അധികാരത്തില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ തുടക്കം മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ മകളോ ഉള്‍പ്പെട്ടതുകൊണ്ടല്ലെന്നും സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ സ്റ്റാറ്റിയൂട്ടറി ബോഡി നടത്തിയ കണ്ടെത്തലാണ് ഇതിന് ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന്റെ തുടര്‍ച്ചയായാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തി പ്രതിചേര്‍ത്തത്. ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല.
ഈ കേസില്‍ വിജിലന്‍സ് കേസ് അഴിമതി തടയല്‍ നിയമം അനുസരിച്ചുള്ള തെളിവുകള്‍ വേണം. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ നിയമം അനുസരിച്ചുള്ള കേസാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. 'ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം തെളിവില്ലെന്ന് പറഞ്ഞു. എന്നാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ഇവിടെ ബാധകമാണ്. അതനുസരിച്ചാണ് എസ്എഫ്‌ഐഒ കമ്പനി നിയമത്തിലെ സെക്ഷന്‍ 447 പ്രകാരം തട്ടിപ്പ് കണ്ടെത്തി വീണയെ പ്രതിചേര്‍ത്തത്,'- അദ്ദേഹം വ്യക്തമാക്കി.'യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സാലിന്റെ ബന്ധു ഒരു അഴിമതിക്കേസില്‍ പെട്ടപ്പോള്‍, അദ്ദേഹത്തിന് പങ്കില്ലെങ്കിലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത് സിപിഎം ആയിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കേസില്‍ പെട്ടപ്പോള്‍ ഇതല്ലായിരുന്നല്ലോ നിലപാട്. ഇപ്പോള്‍ എന്താണ് ഈ വ്യത്യാസം?' - അദ്ദേഹം ചോദിച്ചു.