കൽപ്പറ്റ: വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുക്കുന്നു. കണ്ണൂരിലെ സുധാകരന്റെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സുധാകരന്റെ വീട്ടിലെത്തിയത്.
എൻ എം വിജയൻ സുധാകരന് അയച്ച കത്തുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കൽ. കഴിഞ്ഞ ഡിസംബർ ഇരുപത്തിനാലിനാണ് വിഷം കഴിച്ച നിലയിൽ വിജയനെയും മകൻ ജിജേഷിനെയും കണ്ടെത്തിയത്. ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില മോശമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. പത്ത് ദിവസത്തിന് ശേഷമാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്.ബത്തേരി ബാങ്കിലെ നിയമനത്തട്ടിപ്പിനെക്കുറിച്ചും സുധാകരൻ അടക്കമുള്ളവർക്ക് കത്തയച്ചതിനെക്കുറിച്ചും ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു. കത്ത് കിട്ടിയിട്ടുണ്ടെന്ന് സുധാകരൻ അന്ന് പ്രതികരിച്ചിരുന്നു. 2022ലാണ് വിജയൻ സുധാകരന് കത്തയച്ചത്. അതിനെക്കുറിച്ച് വ്യക്തത വരുത്താനാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.