തിരുവനന്തപുരം: ശ്രീചിത്രാ പുവർ ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. 16,15,12 വയസുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ്‌എറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
ഇന്നലെ രാത്രിയാണ് കുട്ടികൾ ഗുളിക വിഴുങ്ങി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉടൻ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ പതിനാലാം വാർഡിലാണ് രണ്ട് കുട്ടികൾ ചികിത്സയിലുള്ളത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ് ശ്രീചിത്ര ഹോം.രണ്ടാഴ്‌ച മുമ്പാണ് ഈ മൂന്ന് കുട്ടികളും ശ്രീചിത്ര പുവർ ഹോമിൽ എത്തിയത്. ഇവിടെയെത്തിയ ദിവസം മുതൽ വീട്ടിൽ പോകണമെന്ന് പെൺകുട്ടികൾ വാശിപിടിച്ചിരുന്നു. നിലവിൽ മൂന്നുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.പാരസെറ്റമോൾ ഗുളികകളും വൈറ്റമിൻ ഗുളികകളും അമിതമായി കഴിക്കുകയായിരുന്നുവെന്ന് ശ്രീചിത്ര പുവർ ഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു.
അന്തേവാസികളായ ചില കുട്ടികൾ കളിയാക്കിയത് മാനസിക വിഷമത്തിലാക്കിയിരുന്നുവെന്നാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ച പെൺകുട്ടികൾ പറയുന്നത്.