ന്യൂഡൽഹി ; പിണറായി സർക്കാർ വ്യവസായ രംഗത്ത് കൈവരിച്ച നേട്ടത്ത കുറിച്ചുള്ള ലേഖനം വിവാദമായതിന് പിന്നാലെ ശശി തരൂർ എം.പിയുമായി കോൺഗ്രസ് ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച . രാഹുൽ ഗാന്ധി. സോണിയ ഗാന്ധി. കെ.സി. വേണുഗോപാൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുലിനൊപ്പം ശശി തരൂർ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കാണാൻ നിൽക്കാതെ പിൻവശത്തെ ഗേറ്റ് വഴി തരൂർ മടങ്ങി. പരാമർശങ്ങളിൽ തെറ്രായ ഉദ്ദേശ്യം ഇല്ലായിരുന്നെന്ന് തരൂർ ദേശീയ നേതൃത്വത്തെ അറിയിച്ചു.
കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം കോൺഗ്രസിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡ് തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചത്. തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.