കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് ചാനൽ പ്രവർത്തകർക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം.കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട റിപ്പോർട്ടർ ചാനൽ കൺസൾട്ടിങ് എഡിറ്റർ കെ. അരുൺകുമാർ, സബ് എഡിറ്റർ എസ്. ഷഹബാസ് അഹമ്മദ് എന്നിവർക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
സംപ്രേഷണം ചെയ്ത പരിപാടിയിൽ ക്രിമിനൽ കുറ്റകൃത്യം നടന്നതായി വിലയിരുത്താനാകില്ലെങ്കിലും ചില ചോദ്യങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, ഈ വിലയിരുത്തൽ അന്വേഷണത്തെ ബാധിക്കരുതെന്നും ഉത്തരവിൽ പറയുന്നു.ഒപ്പനയുടെ റിപ്പോർട്ടിങ്ങിനിടെ ദ്വയാർഥ പ്രയോഗം നടത്തിയെന്നാരോപിച്ച് ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുകൾ പ്രകാരം ചാനൽ പ്രവർത്തകർക്കെതിരെ കേസെടുത്തത്.