കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധി ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ നേതാക്കള്‍ക്കെതിരേ ഡി.സി.സി ഓഫീസില്‍ പോസ്റ്ററുകള്‍. ഡി.സി.സി പ്രസിഡന്റ് എം.ഡി അപ്പച്ചനും ടി. സിദ്ദിഖ് എംഎല്‍എക്കും എതിരെയാണ് പോസ്റ്ററുകള്‍. കൊലയാളി സംഘത്തില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ ഒട്ടിച്ച പോസ്റ്ററുകളില്‍ ഉള്ളത്. അതേസമയം ഐ.സി ബാലകൃഷ്ണന്റെ പേര് പോസ്റ്ററുകളില്‍ പരാമര്‍ശിച്ചിട്ടില്ല.
എന്‍.എം വിജയന്റെ മരണമുള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ട് ഡി.സി.സി ഓഫീസിന്റെ മുന്‍ഭാഗത്താണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ആരോപണ വിധേയര്‍ അധികാരം ഒഴിയണം എന്ന് ഡി.സി.സി യോഗത്തിലുള്‍പ്പെടെ ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇവര്‍ തത്സ്ഥാനത്ത് തുടരുന്നതിലുള്ള വിയോജിപ്പും പോസ്റ്ററുകളിലുണ്ട്. എന്‍.എം വിജയന്റെ മൃതദേഹത്തിന് മുമ്പില്‍ ഒഴുക്കിയ കണ്ണീര് പാര്‍ട്ടിക്കാരുടെ ശാപമാണെന്നും ചുരംകയറിവന്ന എംഎല്‍എയെ കൂട്ടുപിടിച്ച് ഡിസിസി നേതൃത്വം പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.