കോട്ടയം: സി.പി.എം. കോട്ടയം ജില്ലാസെക്രട്ടറി എ.വി. റസലിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയാണ് അദ്ദേഹം അന്ത്യാഭിവാദ്യം അർപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ വി.എൻ വാസവൻ, വീണാ ജോർജ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു.
വെള്ളിയാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയിയിലായിരുന്നു എ.വി.റസലിന്റെ അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖപ്പെട്ടശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതമുണ്ടായി.
നാലരപ്പതിറ്റാണ്ടായി യുവജന, തൊഴിലാളി മേഖലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എൻ.വാസവൻ സ്ഥാനാർഥിയായതോടെ താത്കാലിക ജില്ലാസെക്രട്ടറിയായ റസലിനെ, 2022 ജനുവരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ജനുവരിയിൽ രണ്ടാമതും ജില്ലാ സെക്രട്ടറിയായി.1981-ൽ പാർട്ടി അംഗമായ റസൽ 13 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 15 വർഷമായി ജില്ലാ സെക്രട്ടേറിയറ്റിലും 28 വർഷമായി ജില്ലാ കമ്മിറ്റിയിലും നാല് വർഷമായി സംസ്ഥാന കമ്മിറ്റിയിലും അംഗമാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സി.ഐ.ടി.യു. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. 2006-ൽ ചങ്ങനാശ്ശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-05 കാലത്ത് ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു.