കൊച്ചി: പെരിയ കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷാഫി പറമ്പിൽ എം.പി. പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണം സംഘം ശ്രമിച്ചുവെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. സർക്കാർ ഖജനാവിൽ നിന്നും പ്രതികൾക്ക് വേണ്ടി പണം ഒഴുകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ത് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും വ്യക്തമാക്കി. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയുള്ള ഉന്നത ഗൂഢാലോചനയാണ് സംഭവമെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകികളെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയത്തെ കൂടിയാണ് കോടതി വിധിയിലൂടെ ശിക്ഷിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. കോടതി വെറുതെവിട്ടവര്‍ക്കും ശിക്ഷ ലഭിക്കാനുള്ള നിയമപോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും.
കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു തുടക്കത്തിലേ സി.പി.എമ്മിന്റെ നിലപാട്. ഒരു മുന്‍ എം.എല്‍.എയും സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡി.ഐ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റും ഉള്‍പ്പെടെ ശിക്ഷിക്കപ്പെടുമ്പോള്‍ ഇത് ഞങ്ങള്‍ ചെയ്തതാണെന്ന് സമ്മതിക്കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നു മുതൽ എട്ടുവരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. എറണാകുളം സി.ബി.ഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഉദുമ മുൻ എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമൻ, സി.പി.എം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കുമെന്നും കോടതി ഉത്തരവിട്ടു.