കോഴിക്കോട്: നവംബര്‍ പത്താം തീയതി പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെ. മുരളീധരന്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പാലക്കാട്ടെത്തും. പാര്‍ട്ടി നേരത്തെ വരണമെന്ന് പറഞ്ഞാല്‍ ആ സമയത്തും പോകും. പാലക്കാട്ട് റെക്കോഡ് ഭൂരിപക്ഷമാണ് ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയമായി തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. പാര്‍ട്ടിപ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ല. പാര്‍ട്ടിക്കകത്ത് ബോംബ് പൊട്ടലൊന്നും പ്രതീക്ഷിക്കേണ്ട. പാലക്കാട് ഓരോ ദിവസം ഓരോ ആളുകളെ ഇളക്കിവിടുകയാണ് ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
വയനാട്ടില്‍ എല്‍.ഡി.എഫ്. മത്സരരംഗത്തുനിന്ന് മാറണമായിരുന്നു. ഇന്ത്യാ മുന്നണിയിലെ അംഗമാണവര്‍. പ്രിയങ്കാ ഗാന്ധിക്കെതിരെ മല്‍സരിക്കാനെടുത്ത തീരുമാനം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. രാജീവ് ഗാന്ധിയുടെ പുത്രി മത്സരിക്കുന്നിടത്താണ് താന്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം തുടങ്ങുന്നത്, മുരളീധരന്‍ പറഞ്ഞു.
പത്താം തീയതി തന്നെ പാലക്കാട് എത്തുമെന്നും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കത്തിന്റെ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.