പാലക്കാട്: പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച് മരണപ്പെട്ടയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. നിപ ലക്ഷണങ്ങളോടെ മരിച്ച മണ്ണാർക്കാട് സ്വദേശിയായ അമ്പത്തിയെട്ടുകാരന്റെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്. പനിയും ശ്വാസതടസവുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. വിശദമായ പരിശോധനയ്‌ക്കായി സാംപിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഒരാഴ്‌ച മുമ്പ് മണ്ണാർക്കാട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. കടുത്ത ശ്വാസതടസത്തോടെ വെള്ളിയാഴ്ച വൈകിട്ടാണ് മണ്ണാർക്കാട്ട് നിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.