നാദാപുരം : വിലങ്ങാട്ടെ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായി മാഹിയിൽ നിന്ന് ബസിൽ കടത്തുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പേർ അറസ്റ്റിൽ. വിലങ്ങാട് വാളാം തോട് സ്വദേശി ഓട്ടയിൽ സത്യൻ ( 54 ) , അടുപ്പിൽ ഉന്നതിയിലെ ചന്ദ്രൻ ( 54 ) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 30 കുപ്പി മാഹിമദ്യം പോലീസ് പിടികൂടി.
നാദാപുരം ഇൻസ്പെക്ടർ ശ്യാം ജെ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നാദാപുരം എസ് ഐ എം.പി. വിഷ്ണുവിൻ്റെ നേതൃത്വത്തിൽ പേരോട് ടൗൺ പരിസരത്ത് നടത്തിയ പരിശോധനയിലാണ് 500 എം എൽ ൻ്റെ 20 കുപ്പി വിദേശ മദ്യവുമായി ചന്ദ്രനെയും , വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപം ബസ് സ്റ്റോപ്പിൽ നിന്ന് 10 കുപ്പി മാഹി മദ്യവുമായി സത്യനെ വളയം പോലീസ് അറസ്റ്റ് ചെയ്തത്. ഉന്നതികൾ കേന്ദ്രീകരിച്ച് മാഹി മദ്യം വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ചന്ദ്രൻ നിലവിൽ അബ്കാരി കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.