കൊല്ലം: കേരളത്തിലെ സി.പി.എമ്മിന്റെ അമരക്കാരനായി വീണ്ടും എം.വി ഗോവിന്ദൻ. പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗമാണ് എം.വി. ഗോവിന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറായി തിരഞ്ഞെടുത്തത്. സമ്മേളനത്തിലൂടെ ആദ്യമായാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം.വി ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെടുന്നത്. സെക്രട്ടറിയേറ്റിനേയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
വിപ്ലവ ഭൂമിയായ മൊറാഴയുടെ മണ്ണില്‍ നിന്നും പൊളിറ്റ് ബ്യൂറോ വരെ ഉയര്‍ന്ന എം വി ഗോവിന്ദന്‍ ആറ് പതിറ്റാണ്ടിന്റെ പൊതു പ്രവര്‍ത്തനത്തിലെ അനുഭ സമ്പത്തുമായാണ് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വീണ്ടും തെരഞ്ഞടുക്കപ്പെടുന്നത്.അടിയന്തരാവസ്ഥയില്‍ ഉരുകിത്തെളിഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായ എം വി ഗോവിന്ദന്‍ എം എല്‍ എ ആയും മന്ത്രിയായും പാര്‍ലമെന്ററി രംഗത്തും മികവ് തെളിയിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിലെ കാര്‍ക്കശ്യം, അതുല്യമായ സംഘാടന പാടവം, നാട്ടുകാര്‍ക്കിടയിലെ സൗമ്യ സാന്നിധ്യം. കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ട ഭൂമിയായ മൊറാഴയുടെ സമര പാരമ്പര്യമാണ് എം വി ഗോവിന്ദന്‍ എന്ന നേതാവിനെ രൂപപ്പെടുത്തിയത്.
2002-2006 കാലത്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് എം.വി ഗോവിന്ദൻ. എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും ഗോപി കോട്ടമുറിക്കല്‍ വിവാദത്തേയും തുടര്‍ന്ന് കണ്ണൂര്‍ വിട്ട് അവിടെ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു. കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷന്‍, അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍, സിപിഎം കണ്ണൂര്‍, എറണാകുളം ജില്ല സെക്രട്ടറി, സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അടിയന്തിരാവസ്ഥയ്ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയില്‍വാസമനുഭവിച്ചു. തളിപ്പറമ്പില്‍ നിന്ന് 1996, 2001 വര്‍ഷങ്ങളില്‍ തളിപ്പറമ്പില്‍ നിന്ന് നിയമസഭയിലെത്തി.