തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ തൃശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമാകും.
നാട്ടികയില്‍ ഇതുവരെ എല്‍.ഡി.എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാലിപ്പോള്‍ യു.ഡി.എഫിന് ആറുസീറ്റ് ലഭിച്ചിരിക്കുകയാണ്. നാട്ടിക ഒന്‍പതാം വാര്‍ഡാണിപ്പോള്‍ യു.ഡി.എഫ് തിരിച്ചു പിടിച്ചിരിക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. ബിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്.ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തില്‍ പന്നൂര് വാര്‍ഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 127 വോട്ടുകള്‍ക്കാണ് യു.ഡി.എഫിലെ ദിലീപ് കുമാര്‍ വാര്‍ഡ് പിടിച്ചെടുത്തത്. യു.ഡി.എഫിലെ ഒരംഗം കൂറുമാറിയതിനെ തുടര്‍ന്നാണിവിടെ ഭരണം നഷ്ടമായത്.പാലക്കാട് തച്ചമ്പാറയില്‍ ഏഴ്-ഏഴ് എന്ന നിലയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും നിലനിന്നത്. ഇപ്പോഴത് യു.ഡി.എഫിന് എട്ട് സീറ്റായി മാറി.