
വടകര : കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നു. വടകര എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. മുൻ അന്വേഷണസംഘം നേരത്തെ റിബേഷിനെ ചോദ്യം ചെയ്തിരുന്നു.എവിടെനിന്നാണ് സ്‌ക്രീൻഷോട്ട് ലഭിച്ചതെന്ന് റിബേഷ് ഇവരോട് വെളിപ്പെടുത്തിയിരുന്നില്ല.
ഭരണംമാറിയതോടെ പുതുതായി എത്തിയ എസ്ഐടി കേസിൽ അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗമായിരുന്ന ജിതിൻ ഭാസ്‌കറിലേക്ക് അന്വേഷണം എത്തിയത്. വടകര സ്ക്വാഡ് എന്ന സൈബർ ഗ്രൂപ്പിന്റെ അഡ്മിനും തിരുവള്ളൂർ സ്വദേശിയുമായ ജിതിനെ ചോദ്യം ചെയ്യാനായി കഴിഞ്ഞദിവസം വിളിച്ചുവരുത്തിയിരുന്നു.സിപിഎം അനുകൂല വാട്സാപ്പ് ഗ്രൂപ്പായ വടകര സ്ക്വാഡിൽനിന്നാണ് കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിച്ചത് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.