കൊച്ചി: ഗായകൻ യേശുദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടൻ വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക. യേശുദാസിനെക്കുറിച്ച് വിനായകൻ പറഞ്ഞ കാര്യങ്ങൾ പ്രതിഷേധാഹർമാണെന്നും ഫെഫ്‌ക വ്യക്തമാക്കി. നാല് തലമുറകൾക്കെങ്കിലും ശബ്ദമാധുര്യം കൊണ്ട് അനുഭൂതി നിറച്ച മഹാനായ കലാകാരനെ അധിക്ഷേപിക്കുക വഴി വളരെ നിന്ദ്യമായ പ്രവൃത്തിയാണ് വിനായകൻ ചെയ്തിരിക്കുന്നത്. പൊതുവിടത്തിൽ യേശുദാസിനെതിരെ നടത്തിയ മോശം പരാമർശങ്ങൾ കേട്ടുനിൽക്കാൻ ഒരു കലാകാരനും കഴിയില്ലെന്നും ശക്തമായ നടപടി വേണമെന്നും ഫെഫ്‌ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ചുകൊണ്ടുളള പോസ്റ്റ് വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചത്.
ഫെഫ്‌കയുടെ പോസ്റ്റിന്റെ പൂർണരൂപം
അടൂർ ഗോപാലകൃഷ്ണൻ വിഷയവുമായി ബന്ധപ്പെടുത്തി നടൻ വിനായകൻ മലയാളത്തിന്റെ അഭിമാനമായ ഗാനഗന്ധർവ്വൻ യേശുദാസിനെക്കുറിച്ച് സാമൂഹിക മാദ്ധ്യമത്തിലൂടെ നടത്തിയ പരാമർശം പ്രതിഷേധാർഹമാണ്. കേട്ടാൽ അറയ്ക്കുന്ന അസഭ്യ വർഷം നടത്തിയാണ് ഇയാൾ ഇത് കുറിച്ചിരിക്കുന്നത്. വിനായകനേക്കാൾ മോശപ്പെട്ട സാമൂഹിക പശ്ചാത്തലത്തിലും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നുമാണ് ഇന്നു കാണുന്ന ഗാനഗന്ധർവ്വൻ എന്ന നിലയിലേക്ക് യേശുദാസ് വളർന്നതെന്ന് അദ്ദേഹത്തെ അറിയുന്ന ആർക്കും ബോദ്ധ്യമുള്ളതാണ്. നാലു തലമുറകൾക്ക് എങ്കിലും ശബ്ദമാധുര്യം കൊണ്ട് അനുഭൂതി നിറച്ച മഹാനായ കലാകാരനെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കുക വഴി വളരെ നിന്ദ്യമായ പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്.സിനിമാഗാനങ്ങൾക്കപ്പുറം കർണാടക സംഗീതത്തിനെ ജനകീയമാക്കിയ സംഗീതത്തിലെ വിപ്ലവ സൂര്യനാണ് യേശുദാസ്. ശ്രുതി ശുദ്ധമായ ആലാപനത്തിന് പകരം വയ്ക്കാൻ ഇന്ന് ആരുമില്ല എന്നത് ഏതൊരു സംഗീത പ്രേമിക്കും അറിവുള്ള കാര്യമാണ്. യേശുദാസ് പാടിയിട്ടുള്ളതും സംഗീതം നൽകിയിട്ടുള്ളതുമായ ഗാനങ്ങൾ അനുകരിച്ചും ആലപിച്ചും പാടി വളർന്നവരാണ് മലയാളത്തിലെ ഒട്ടുമിക്ക ഗായകരും. സംഗീതത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. യേശുദാസിന്റെ നാട്ടുകാരൻ എന്ന പേരിൽ അഭിമാനിക്കുന്നവരാണ് ഓരോ മലയാളിയും. പൊതുവിടത്തിൽ അദ്ദേഹത്തെ 'തെറി ' വിളിക്കുന്നത് കേട്ട് നിൽക്കാൻ ഒരു കലാകാരനും കഴിയില്ല.
ഓരോ കലാകാരനെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് ഫെഫ്ക്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന്റെ നയം. ലോകാരാധ്യനായ പദ്മവിഭൂഷൺ യേശുദാസിനോട് കാട്ടിയ ഈ അപമാനത്തിനെ ഫെഫ്ക്ക മ്യൂസിക് ഡയറക്ടേർസ് യൂണിയൻ ശക്തമായി അപലപിക്കുന്നു, പ്രതിഷേധിക്കുന്നു. ശക്തമായ നിയമനടപടികൾ ഇത്തരം വ്യക്തികൾക്കെതിരെ ഉണ്ടാവണമെന്ന ആവശ്യം ഇതോടൊപ്പം മുന്നോട്ടുവയ്ക്കുന്നു.