ന്യൂയോർക്ക്: ശുഭാംശുവും സംഘവും ഭൂമിയിൽ. ഇന്ത്യൻ സമയം വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വന്നിറങ്ങി. ഉടൻ കപ്പൽവഴി വീണ്ടെടുക്കുന്ന പേടകത്തിൽ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോൺ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറം ലോകത്തേക്ക് ഇറങ്ങുന്നതും ഇന്ത്യയിലേക്ക് മടങ്ങിവരുന്നതും.
നാസയിലെ ബഹിരാകാശ നിലയത്തിന്റെ കൺട്രോൾ സെന്ററിൽ ഐ എസ് ആർ ഒയ്ക്കു മാത്രമായി പ്രത്യേക സെൽ അനുവദിച്ചിരുന്നു. ഇന്ത്യയിൽ നിന്നു എയ്റോ സ്‌പേസ് മെഡിസിനിൽ വൈദഗ്ദ്ധ്യം നേടിയ രണ്ടു ഡോക്ടർമാരും നാലു ശാസ്ത്രജ്ഞരും ഭൂമിയിൽ ഈ ദൗത്യത്തിന്റെ ഭാഗമായി. ബഹിരാകാശത്ത് ശുഭാംശുവും ഭൂമിയിൽ ഇവരും ആർജിച്ച അറിവും അനുഭവജ്ഞാനവുമാണ് ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കരുത്താവുന്നത്.ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ജൂൺ 26നാണ് ആക്സിയം 4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ബഹിരാകാശനിലയത്തിലെത്തിയത്.