മോസ്കോ: റഷ്യയിൽ തകർന്ന് വീണ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ എല്ലാവരും മരിച്ചതായി റിപ്പോർട്ടുകൾ. 50 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കത്തിയമർന്ന വിമാനത്തിൽ ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. സംഭവസ്ഥലത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ബ്ലാഗോവെഷ്‌ചെൻസ്ക് നഗരത്തിൽ നിന്ന് ടിൻഡ പട്ടണത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഡാറിൽനിന്ന് അപ്രത്യക്ഷമായതിന് പിന്നാലെ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തന ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ടിൻഡയിൽനിന്ന് 16 കിലോമീറ്റർ ദൂരത്തുള്ള വനപ്രദേശത്തെ മലഞ്ചെരുവിൽ വിമാനം തകർന്നുവീണ് കത്തുന്നതായി കണ്ടെത്തി. ഹെലികോപ്റ്ററിൽനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാടിനുള്ളിൽ കത്തിയമരുന്ന വിമാനാവശിഷ്ടങ്ങൾ ദൃശ്യങ്ങളിൽ കാണാം.